ക്ഷമാപണം

പാലിയേറ്റീവ്‌ കേയർ വാർഡിന്റെ ഒരറ്റം തേടി നടക്കുമ്പോളും എന്തിനായിരിക്കും അവർ കാണണം എന്നു പറഞ്ഞതെന്ന് എനിക്ക്‌ തീർച്ചയില്ലായിരുന്നു. മനസിൽ അവ്യക്തമായ ഒരു രൂപം മാത്രം. മറന്നു കളയാൻ എളുപ്പമായിരുന്നു. അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു താൻ അവർക്ക്‌ നൽകിയ വില.



ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിലേക്ക്‌ ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ സ്വയം പറിച്ചുനട്ട നാളുകൾ. വീട്ടിൽ നിന്നു മാറിനിൽക്കായ്കയില്ല. എങ്കിലും ഇത്രയും ദൂരെ ആദ്യമായായിരുന്നു. പരിചയമുള്ള കുറച്ച്‌ പേരോട്‌ സംസാരിച്ച്‌ വെച്ചിരുന്നു. അതിൽ ഒരാൾ താമസസൗകര്യവും ശരിയാക്കിയിരുന്നു. അങ്ങനെ ബസ്സിറങ്ങി ചുറ്റും കൂടിയ ഓട്ടോചേട്ടന്മാരിൽ ഒരാളെയും എടുത്ത്‌ അവൻ തന്ന അഡ്രസിൽ എത്തിപെട്ടു. അവന്റെ കൂടെ തന്നെയാണു നിൽക്കേണ്ടത്‌.

കോളിംഗ്‌ ബെല്ലടിച്ചു. വാതിൽ തുറന്നു. ഒരു സ്ത്രീ. "മനു?", ഞാൻ ചോദിച്ചു. അവരുടെ മുഖത്തെഴുതിവെച്ച ചോദ്യചിഹ്നം കണ്ടപ്പോൾ ഊഹിച്ചു, ഫ്ലാറ്റ്‌ മാറി. ഒരു സോറിയും പറഞ്ഞ്‌ ഞാൻ ഇറങ്ങി. അവനെ വിളിച്ചു. തൊട്ടപ്പുറത്തു തന്നെയായിരുന്നു റൂം.

വീട്ടിലേക്കും പിന്നെ കവിതയേയും വിളിച്ച്‌ എത്തീന്നു പറഞ്ഞു. ബാഗ്‌ ഒക്കെ ഒരു ഭാഗത്ത്‌ ഒതുക്കി കുറച്ച്‌ നേരം ഉറങ്ങി ക്ഷീണം തീർത്തു. പിന്നെ ബാൽക്കണിയിൽ അൽപനേരം. അപ്പുറത്ത്‌ നേരത്തെ വാതിൽ തുറന്ന ആൾ. താൻ ചെറുതായൊന്നു ചിരിച്ചു. അവർ തിരിച്ചും.

വൈകീട്ട്‌ മനു വന്നപ്പോൾ അവരെ പറ്റി ചോദിച്ചു. മലയാളിയാണ്‌, ജനിച്ചതും പഠിച്ചതും ഒക്കെ ഇവിടെ തന്നെ ആണെന്നു തോന്നുന്നു. ഇവിടെ താമസം തൊടങ്ങീട്ട്‌ കുറച്ച്‌ വർഷങ്ങൾ ആയിക്കാണും. കൂടെ ഒരു പഞ്ചാബിക്കാരിയും ഉണ്ട്‌. അവനെന്തോ വല്യ അഭിപ്രായം ഇല്ല അവരെപറ്റി എന്നു തോന്നി. അവരെ ഒന്നു പരിചയപ്പെടാൻ തന്നെ ഞാൻ ഉറച്ചു.

കേറിമുട്ടാൻ പണ്ടേ മിടുക്കനായതോണ്ട്‌ പരിചയപ്പെടാൻ വല്യ കഷ്ടപ്പാടൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ സംസാരിച്ച്‌ തുടങ്ങി , അവിടെ ഒരു സ്ഥിരം കുറ്റി ആയി. നിരവധി സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നു തോന്നുന്നു. അധികവും ആണുങ്ങൾ. വെറുതെയല്ല മനുവിനു ഒരു താൽപര്യക്കുറവ്‌.

കവിതയെ പറ്റി പറഞ്ഞില്ല അവരോട്‌, സംഭാഷണങ്ങൾ അരോചകമായി തോന്നണ്ടാന്ന് കരുതി. നാട്ടിൽ ഇങ്ങനെ ഒരുത്തി ഉണ്ടായിരുന്നു എന്നോ മറ്റോ പറഞ്ഞിരുന്നു. കവിതയോടും അങ്ങനെ ഒക്കെ തന്നെ, അവരെ പറ്റി പറഞ്ഞിട്ടുണ്ട്‌, എന്നാൽ ഒരു അയൽവാസി എന്ന മട്ടിൽ. അതിലേറെ ഒന്നും ആയിരുന്നില്ല, എങ്കിലും.

പക്ഷേ കുറച്ചു നാൾ കഴിഞ്ഞപ്പോളേക്കും അവർക്ക്‌ അതിലേറെ എന്തോ ഉണ്ട്‌ എന്ന ഒരു തോന്നൽ പോലേ. പതിയെ സൗഹൃദത്തിന്റെ വരമ്പുകൾ ഒന്നൊന്നായി അവർ എഴുതിമായ്ക്കാൻ തുടങ്ങി. താനും അതൊന്നും കാര്യമാക്കിയില്ല. ഒഴുക്കിലൂടെ അങ്ങു പോയി.

കവിതയോടുള്ള ഫോൺകോളുകളിൽ അവരെ പറ്റി അധികം സംസാരിക്കാതിരിക്കാൻ തന്നെ നോക്കുകയായിരുന്നു. എങ്കിലും അവൾ ചോദിക്കും. അവർക്ക്‌ എന്നെ ഭയങ്ങര ഇഷ്ടമാണ്‌ എന്നൊക്കെ അവളെ പിരികേറ്റാൻ ഞാനും പറയും, അതിൽ കുറച്ച്‌ സത്യം ഉണ്ടെങ്കിലും. ഒരു ദിവസം അവൾക്കും വാശിയായി. അവരോട്‌ ഫോണിൽ സംസാരിക്കണം, അവളെ പറ്റി പറയണം. അന്നാണ്‌ തനിക്ക്‌ ചെയ്യുന്നതിനെ പറ്റി കുറച്ചെങ്കിലും ഒരു ബോധം വരുന്നത്‌. അവളെ ചതിക്കുകയല്ലെ എന്നുള്ള ബോധം.



ആ ചിന്ത പതിയെ എന്നെ കാർന്നുതിന്നാൻ തുടങ്ങി. കവിതയേക്കാൾ വലുതായിരുന്നില്ല ഒന്നും. അവളെ മറന്നുള്ളതൊന്നും. അങ്ങനെ ഒരു ദിവസം രണ്ടാളോടും ഏറ്റുപറഞ്ഞു. സൗഹൃദം മറ്റൊന്നായി കാണരുത്‌ എന്ന് അവരോടും, അവരോട്‌ താനും ചെറിയ അടുപ്പം കാണിച്ചിരുന്നു എന്നു കവിതയോടും. അതിലേറെ എന്തെങ്കിലും പറഞ്ഞാൽ അവളെ നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം ആയിരുന്നു. കുറേ കരഞ്ഞു പാവം. എല്ലാത്തിനുമൊടുവിൽ ഒരു നിർബന്ധം മാത്രം അവൾ പറഞ്ഞു. നാട്ടിലേക്ക്‌ വരണം, ഇവിടെ ജോലി നോക്കണം. ബാംഗ്ലൂർ ജീവിതം അവിടംകൊണ്ട്‌ തീർന്നു.

അതു കഴിഞ്ഞ്‌ ഇപ്പോൾ എത്ര നാൾ. ഇതിനിടയിൽ രണ്ടു മൂന്നു വട്ടം അവർ വിളിച്ചിരുന്നു. താൻ എടുത്തില്ല. ഒരു വട്ടം മാത്രം കോൾ എടുത്തു. അവരുടെ  കല്യാണം ആണു എന്നു പറഞ്ഞു തുടങ്ങി അവസാനം അവരെ അതിനു മുൻപ്‌ ഒന്നു വന്നു കാണാനുള്ള ഒരു അപേക്ഷയിൽ അത്‌ നിലച്ചു.

ഏകദേശം പത്തു വർഷം കഴിഞ്ഞു. കവിതയും കുട്ടികളുമായുള്ള ഒരു ലോകമായി തീർന്നിരുന്നു എന്റേത്‌. അവരുടെ സന്തോഷങ്ങളിലൂടെ ഉള്ള ഒരു ജീവിതം.

അപ്പോളാണ്‌ അവരുടെ പഴയ പഞ്ചാബിക്കൂട്ടുകാരിയുടെ ഒരു വിളി. അവർക്ക്‌ ഒന്ന് കാണണം. കൊച്ചിയിൽ അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റടാണ്‌. പോയിനോക്കു എന്നു കവിതയും പറഞ്ഞു. അങ്ങനെ ഇറങ്ങിപ്പുറപ്പെട്ടു.



അവരുടെ റൂമിനു പുറത്തെത്തി. അതു വരെ ഇല്ലാതിരുന്ന ഒരു ഭാരം എനിക്ക്‌ തോന്നി. പോകുകയാണെന്ന് ഒരു വാക്ക്‌ പോലും പറയാതെയാണ്‌ ഞാൻ ബാംഗ്ലൂർ വിട്ടത്‌. പെട്ടന്ന് കതക്‌ തുറന്ന് ഒരാൾ. "ജോൺ?". "അതെ.", ഞാൻ പറഞ്ഞു. അയാൾ അകത്തേക്ക്‌ വിളിച്ചു.

അവർ ചെറിയ മയക്കത്തിൽ ആണ്‌. ലുകീമിയ, ഫൈനൽ സ്റ്റേജ്‌. അവരുടെ മുഖത്തേക്ക്‌ നോക്കാൻ മനസ്സനുവധിക്കുന്നില്ലായിരുന്നു. എങ്കിലും നോക്കിപോയി. ക്ഷീണിച്ച്‌, മെലിഞ്ഞ്‌ ഒരു പേക്കോലം. ഇടതൂർന്ന മുടിക്ക്‌ പകരം ഒരു ചുവന്ന ബീൻക്യാപ്പ്‌. അവർ ആണെന്നു പറഞ്ഞറിയിക്കണ്ട അവസ്ഥ.

അൽപനേരം വരാന്തയിൽ കാത്തിരുന്നു. അവരുടെ ഭർത്താവ്‌ വന്നു വിളിച്ചിട്ടും അകത്തേക്കു കേറിയിരിക്കാൻ തോന്നിയില്ല. അവരുണരുന്ന വരെ അവിടെത്തന്നെ നിന്നു. കഴിഞ്ഞ പലതും ചിന്തയിലൂടോടിക്കളിച്ചു. അവർക്ക്‌ പറയാനുള്ളതെന്താണെന്ന് മാത്രം അപ്പോളും ഒരു നിശ്ചയവുമില്ലായിരുന്നു.

അവർ ഉണർന്നു. "മാധവി വിളിക്കുന്നു.", അയാൾ എന്നെ വന്നു വിളിച്ചു, പിന്നെ ദൂരേക്ക്‌ നടന്നുപോയി. ഞാൻ അകത്തു കയറി. അവർ കിടക്കയിൽ തല അൽപ്പം പൊക്കിവെച്ച്‌ ഇരിക്കുകയാണ്‌. "കുറേ നേരം ആയല്ലെ ജോൺ  വന്നിട്ട്‌. അജയ് പറഞ്ഞു. സുഖമല്ലെ? കവിതയും കുട്ടികളും?". അവർക്ക്‌ എന്നെ പറ്റി അറിയാത്തതായി ഒന്നുമില്ലാത്ത പോലെ തോന്നി എനിക്ക്‌. "സുഖം." ഒരു വാക്കിൽ ഉത്തരം നൽകിയെന്ന് വരുത്തി. അവർ പിന്നെയും അങ്ങനെ ഓരോ കാര്യങ്ങൾ അന്വേഷിച്ചു. ജോലി, അച്ഛൻ, അമ്മ. ഓരോ ചോദ്യങ്ങൾക്കിടയിലും അവർ ഒരിറ്റ്‌ ശ്വാസത്തിനായി വലയുന്ന പോലെ. എല്ലാത്തിനും ഒറ്റവാക്കുത്തരങ്ങൾ. അവർ കാര്യത്തിലേക്ക്‌ വന്നില്ല.

"തന്നെ ഒന്നൂടെ ഒന്നു കാണണംന്നു കരുതിയിരുന്നു. ഒന്നും പറയാതെ ഒരു ദിവസം പൊയിക്കളഞ്ഞില്ലെ? എന്റെ അച്ഛൻ തന്നെ കാണാൻ വരാനിരിക്കുകയായിരുന്നു. അതൊന്നു പറയാൻ വേണ്ടി അന്വേഷിച്ചപ്പോൾ ആണു ജോൺ ജോലി വിട്ട കാര്യം അറിഞ്ഞെ. ഒന്നു പറഞ്ഞിട്ടേലും പോകാമായിരുന്നു. അതിനു മാത്രം ഞാൻ തന്നോട്‌ എന്താ ചെയ്തേ എന്നു അറിയണം എന്ന് തോന്നി ആദ്യം ഒക്കെ. പിന്നെ എന്തിനാ അറിഞ്ഞിട്ട്‌ എന്നായി. എന്നാലും ഒന്നൂടെ ഒന്നു കാണണം എന്നുണ്ടാർന്നു. പക്ഷെ, വിളിച്ചിട്ടും താൻ വന്നില്ല. മറക്കാൻ ശ്രമിച്ചു കുറേ. പിന്നെ അതുമായി പൊരുത്തപെടാൻ തുടങ്ങി. പക്ഷെ, അപ്പോഴും ഭാഗ്യക്കേട്‌. ഇനി അധികം നാൾ ഇല്ല എന്നു മനസിലായപ്പോളാണ്‌ റിതികയോട്‌ ഒന്നു വിളിച്ച്‌ നോക്കാൻ പറഞ്ഞേ. എന്തായാലും ഇപോ വരാൻ തോന്നിയല്ലോ. ഒന്നു കാണാൻ പറ്റിയല്ലോ. ഞാൻ തന്നെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ മറക്കണം, പറ്റുമെങ്കിൽ ക്ഷമിക്കണം. പറ്റുമോ ജോൺ?"

ഒന്നും മിണ്ടാൻ കഴിയാതെ താൻ അവിടെ നിൽക്കുകയായിരിന്നു, ഒരു പാറപോലെ. അവർ എന്നെ തന്നെ നോക്കിയിരിക്കുകയാണ്‌. അവരുടെ ഓരോ ശ്വാസോച്ച്വാസവും എനിക്കൊരു കൊടുങ്കാറ്റുപോലെയാണ്‌ അനുഭവപ്പെട്ടത്‌. ആ കൊടുങ്കാറ്റിൽ ഞാൻ ആടിയുലഞ്ഞ്‌ പോകുന്ന പോലെ.

"മനപ്പൂർവ്വം തന്നെ ഉപദ്രവിക്കാൻ ആഗ്രഹിച്ചിട്ടില്ല. ഇഷ്ടമായിരുന്നു, ഒരുപാട്‌. തിരിച്ചും അങ്ങനെ തന്നെ എന്നു വിശ്വസിച്ചും പോയി. എല്ലാം വെറുതെ ആയിരുന്നു എന്നു ജോൺ പറഞ്ഞിട്ടും ഉൾകൊള്ളാനാവാതെ നിൽക്കുകയായിരുന്നു കുറേ നാൾ. ഇടക്കെപ്പോഴോ വീണ്ടും വിളിച്ച്‌ നോക്കിയപ്പോൾ കവിതയാണ്‌ എടുത്തത്‌. ഞാൻ തന്നെ തട്ടിപ്പറിക്കാൻ നോക്കിയപോലെ ആയിരുന്നു അവൾ. തന്നെ വിട്ട്‌ പോകാൻ പറഞ്ഞു. ഇനി ശല്യപ്പെടുത്തരുത്‌ എന്ന് പറഞ്ഞു. ഞാൻ തന്നെ തെറ്റുകാരിയെന്ന് മനസ്സും പറയാൻ തുടങ്ങി. കണ്ട്‌ ക്ഷമ ചോദിക്കാൻ ആയിരുന്നു കല്യാണത്തിനു മുൻപ്‌ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചത്‌. എല്ലാം തീർത്ത്‌ വേണം പുതിയൊരു ജീവിതം തുടങ്ങാൻ എന്ന് തോന്നി. അതു പറ്റാതിരുന്നത്‌ കൊണ്ടാവാം, ആ കുട്ടീടെ കണ്ണീർ വീണത്‌ കൊണ്ടാകാം ഒരു പക്ഷേ..", അവർ വാക്കുകളിൽ ഇടറി വീണു.

കവിളുകൾക്ക്‌ നേർത്ത നനവ്‌. കണ്ണുകൾക്കും. അവ ഞാൻ പോലും അറിയാതെ നിറഞ്ഞൊഴുകുകയായിരുന്നു. അവരും. "മാപ്പ്‌.", ഇത്രയുമേ എനിക്ക്‌ പറയാൻ കഴിഞ്ഞുള്ളു. ഞാൻ അവിടെ നിന്നിറങ്ങി തിരികെ നടന്നു, നെഞ്ചിൽ ഒരു മനുഷ്യായുസ്സ്‌ മുഴുവൻ നീറ്റലാകാൻ കഴിയുന്ന ഭാരവുമായി. യാത്ര പറയാതെ വീണ്ടും.


Comments

Post a Comment

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി