നിത്യപ്രണയം

എന്നും ആദ്യം എന്നെ
വിട്ടുപിരിയുന്നത് നീയാണ്.
അവസാനം എന്നിലേക്ക്
തിരികെ വരുന്നതും നീ തന്നെ.
ഇരുളിന്റെ മറപറ്റിയുള്ള
നിന്റെ വരവ്,
ഞാനതു കാത്തിരുന്നു.
നീ വരാൻ വൈകുന്ന രാവുകളെണ്ണി;
നിന്നെ പിരിയാതിരിക്കാനുള്ള
വഴികൾ തേടിയലഞ്ഞു.
നിന്റെ വരവ് ഈ ലോകത്തെ
കീഴടക്കുമ്പോഴും
ഇടയ്ക്ക് നീയെന്നെ മാറ്റിനിർത്തി,
എന്റെ മനസ്സിൽ
മറ്റുള്ളവർക്ക് ഇടം നൽകി.
അവർ നിന്റെ വരവിനെ തടഞ്ഞു.
ഞാനെത്ര മാത്രം നിന്നെ ആഗ്രഹിച്ചുവോ,
അത്ര മാത്രം നീ എന്നിൽനിന്നകന്നു.
അസൂയപൂണ്ട നോട്ടത്തിൽ ഭയക്കാതെ
നീ എന്നെ പിരിയാൻ മടിച്ച നാളുകൾ
പോയിമറഞ്ഞിരിക്കുന്നു.

ഇന്നു നീ നിർബന്ധപൂർവം
എന്നിൽ നിന്ന്
ഒഴിഞ്ഞുമാറുന്നു.
എന്നെ നിന്നിൽനിന്ന്
പിടിച്ചുമാറ്റാൻ ശ്രമിക്കുന്നു.
എങ്കിലിതാ,
നിന്നെ പിരിയാതിരിക്കാനുള്ള വഴി
എനിക്ക് തുറന്നുകിട്ടിയിരിക്കുന്നു.
നീ പോലുമറിയാതെ
നിന്നെ ശാശ്വതമായ ഒരാലിംഗനത്തിൽ
പുതയുവാനുള്ള വഴി.
അതേ, നിദ്രയെന്ന
സ്വർഗീയാനുഭൂതിയായ നിന്നെ
എന്റെ നിത്യപ്രണയത്തിലേക്ക്
വലിച്ചഴയ്ക്കുവാനുള്ള
ഒരേ ഒരു വഴി.

Comments

Post a Comment

Popular posts from this blog

പറിച്ച്‌ നടൽ

Pain

ബാക്കി