പാലിയേറ്റീവ് കേയർ വാർഡിന്റെ ഒരറ്റം തേടി നടക്കുമ്പോളും എന്തിനായിരിക്കും അവർ കാണണം എന്നു പറഞ്ഞതെന്ന് എനിക്ക് തീർച്ചയില്ലായിരുന്നു. മനസിൽ അവ്യക്തമായ ഒരു രൂപം മാത്രം. മറന്നു കളയാൻ എളുപ്പമായിരുന്നു. അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു താൻ അവർക്ക് നൽകിയ വില. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിലേക്ക് ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ സ്വയം പറിച്ചുനട്ട നാളുകൾ. വീട്ടിൽ നിന്നു മാറിനിൽക്കായ്കയില്ല. എങ്കിലും ഇത്രയും ദൂരെ ആദ്യമായായിരുന്നു. പരിചയമുള്ള കുറച്ച് പേരോട് സംസാരിച്ച് വെച്ചിരുന്നു. അതിൽ ഒരാൾ താമസസൗകര്യവും ശരിയാക്കിയിരുന്നു. അങ്ങനെ ബസ്സിറങ്ങി ചുറ്റും കൂടിയ ഓട്ടോചേട്ടന്മാരിൽ ഒരാളെയും എടുത്ത് അവൻ തന്ന അഡ്രസിൽ എത്തിപെട്ടു. അവന്റെ കൂടെ തന്നെയാണു നിൽക്കേണ്ടത്. കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്നു. ഒരു സ്ത്രീ. "മനു?", ഞാൻ ചോദിച്ചു. അവരുടെ മുഖത്തെഴുതിവെച്ച ചോദ്യചിഹ്നം കണ്ടപ്പോൾ ഊഹിച്ചു, ഫ്ലാറ്റ് മാറി. ഒരു സോറിയും പറഞ്ഞ് ഞാൻ ഇറങ്ങി. അവനെ വിളിച്ചു. തൊട്ടപ്പുറത്തു തന്നെയായിരുന്നു റൂം. വീട്ടിലേക്കും പിന്നെ കവിതയേയും വിളിച്ച് എത്തീന്നു പറഞ്ഞു. ബാഗ് ഒക്കെ ഒരു ഭാഗത്ത് ഒതുക്കി ...