കുന്തിരിക്കം

അവന്റെ മുറിയിൽ എത്ര തവണ ചെന്നിട്ടുണ്ടെന്ന് ഓർമ്മയില്ല. ചിലപ്പോൾ പുസ്തകങ്ങളും പാട്ടുകളും എടുക്കാൻ, കൊടുക്കാൻ. ചിലപ്പോൾ കൂട്ടിനു ആരെങ്കിലും ഉള്ളപ്പോൾ. ചിലപ്പോൾ നേരിൽ കണ്ട്‌ മിണ്ടാതെ വയ്യെന്നാകുമ്പോൾ. ചിലപ്പോൾ വെറുതെ ഇരിക്കുമ്പോൾ രസം തോന്നി കയറി ചെല്ലും. പ്രതീക്ഷിക്കാതെ ചെല്ലുമ്പോൾ ദേഷ്യപ്പെടും. എന്നാലും കണ്ണുകളിൽ മയക്കുന്ന തിളക്കം കാണാം.


ആ മുറിക്ക്‌  എന്തു മണം ആണെന്നു പലവട്ടം ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല. എന്നാലും അവനെ പറ്റി ആലോചിച്ചിക്കുമ്പോഴെല്ലാം ആ മണം ചുറ്റിലും നിറഞ്ഞു. പല പല അത്ഭുതവസ്തുക്കൾ നിറച്ച്‌ വെച്ച ഒരു കൊച്ചു മുറി. നാടൻ പിച്ചാത്തി, ഇരുട്ടിലും കാണാവുന്ന തരം മിലിറ്ററി മോഡൽ ബൈനോക്കുലാർ, വടിവാൾ, സ്വിസ്സ്‌ നൈഫ്‌ തുടങ്ങി പലതും. വലിച്ച്‌ തീർത്ത സിഗററ്റ്‌ പായ്ക്കറ്റുകൾ ഒരു മൂലക്കെ കൂട്ടിയിട്ടിട്ടുണ്ടാകും. കൂട്ടത്തിൽ ഉരച്ച്‌ തീർത്ത റീച്ചാർജ്ജ്‌ കൂപ്പണുകളും. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ. ടോൾസ്റ്റോയുടേയും തകഴിയുടേയും കുഞ്ഞുണ്ണിമാഷിന്റേയും ഒക്കെ ഇടയിൽ കിടന്ന് ഉറങ്ങാൻ വല്ലാത്ത സുഖമാണത്രെ!


3-4 കൊല്ലം മുന്നേ കെട്ടിവെച്ച വീഞ്ഞ്‌ ഒരു ഈസ്റ്ററിനു പൊട്ടിച്ച്‌ കുടിച്ചതും അന്നവൻ ആദ്യമായി നൽകിയ മുന്തിരിച്ചുവയുള്ള ചുംബനവും ഒക്കെ ഇന്നലെ കഴിഞ്ഞപോലെ ഓർമ്മയിൽ തങ്ങിനിൽക്കുന്നു. ഓർമ്മകൾക്ക്‌ മരണം ഇല്ലല്ലോ..മരണം ജീവനുള്ളവയ്ക്കു മാത്രം കിട്ടിയ വരം ആണ്‌. ജീവിച്ച്‌ തീർത്ത നീറുന്ന ഓർമ്മകളിൽ നിന്നുള്ള മോചനം. അവൻ എനിക്കും ഒരു മോചനം ആയിരുന്നു. പലതിൽനിന്നും ഓടിവന്ന് ഒളിച്ചിരിക്കാനുള്ള താവളം. പുറമേനിന്ന് ചെറുതും അടഞ്ഞതും എന്ന് തോന്നിക്കുന്ന, എന്നാൽ വിശാലമായ ഒരു ലോകം അവൻ എനിക്ക്‌ തുറന്ന് തന്നു.


ആ കൊച്ചുമുറിയിലെ സംഭാഷണങ്ങളിൽ എല്ലാം ഉണ്ടായിരുന്നു. ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ, തിരിച്ചറിവുകൾ, കാഴ്ചപാടുകൾ, നിരാശകൾ, ഏറ്റുപറച്ചിലുകൾ, പ്രതീക്ഷകൾ... അങ്ങനെ എല്ലാം. പിന്നീടെപ്പോളാണ്‌ അതിനിടയിലേക്ക്‌ സ്വാർത്ഥതയും വിദ്വേഷവും കയറിപറ്റിയത്‌? നാളേറെയായി എന്നറിയിക്കുന്നത്‌ ഓർമ്മകളിലെ ഇത്തരം വിള്ളലുകളാണ്‌.


വർഷങ്ങൾക്ക്‌ ശേഷം ഇങ്ങനെ ഈ മുറിയിലേക്ക്‌ മടങ്ങി വരും എന്ന് കരുതിയിരുന്നില്ല. അതും അവന്റെ തിളക്കമറ്റ കണ്ണുകളും മരവിച്ച കൈകാലുകളും കാണാൻ. മുറിയുടെ നടുക്ക്‌ പായിൽ അനക്കമില്ലാതെ അവനെ കണ്ടപ്പോളും എല്ലാം അവന്റെ കളിതമാശ ആയിരുന്നെങ്കിൽ എന്നു നിനച്ചു. യാഥാർത്ഥ്യം എന്നെ നോക്കി പല്ലിളിച്ചു. റീത്തുക്കളും സാമ്പ്രാണിത്തിരിക്കളും ആ മുറിയിൽ ഒരു അപരിചിതമായ ഗന്ധം നിറച്ചു. അതവന്റെ മണം ആയിരുന്നില്ല. മരണത്തിനു എന്തു മണം ആണെന്നു ഒരിക്കൽ അവൻ ചോദിച്ചപ്പോൾ എനിക്ക്‌ ഉത്തരം ഇല്ലായിരുന്നു. പൂക്കളുടേതാണൊ?ചന്ദനത്തിരിയുടെയൊ?ഇപ്പോഴും തീർച്ചയില്ല.


പള്ളിയിലെ ശ്മശാനത്തിൽ കുഴി വെട്ടിയിട്ടുണ്ട്‌. അവനുവേണ്ടി. അന്ത്യകർമ്മങ്ങൾ ചെയ്ത്‌ തീർക്കുകയാണ്‌. ഒരു പിടി മണ്ണ്‌ ഞാനും അവന്റെമേൽ വിതറി. അടക്കിപിടിച്ച തേങ്ങലുകൾക്കിടയിൽ പൊടുന്നനെ ഒരു ഗന്ധം പടർന്നു. അതെ, അവന്റേതു തന്നെ. ആ മുറിയുടെ ഗന്ധം. പുകയുന്ന കുന്തിരിക്കം. മരണത്തിന്റെ ഗന്ധം. എന്റെ പ്രണയത്തിന്റെ ഗന്ധം.

Comments

Popular posts from this blog

അന്തരം

പറിച്ച്‌ നടൽ

Pain