സമയം, നേരം, കാലം
സമയം, നേരം, കാലം. ഇതൊരു വല്ലാത്ത സംഗതി തന്നെ എന്നു ചിലപ്പോളൊക്കെ തോന്നാറുണ്ട്. ചില കാര്യങ്ങളിൽ, ചില വ്യക്തികളിൽ മുഴുകിയിരികുമ്പോൾ നേരം കടന്നുപോവുന്നതറിയില്ല. പിന്നെ, ചില ഓർമകൾ, ഇന്നലെ നടന്നതെന്ന പോലെ, കാലം മായ്ക്കാതെ കിടക്കുന്നു. ആ ഓർമകളിലൂടെ തിരികെ നടക്കുമ്പോളാണു ഇത്രയേറെ നാളുകൾ കൊഴിഞ്ഞുപോയി എന്നു തിരിച്ചറിയുന്നത്.
ഓരോ ഓർമയും പലതിനേയും എടുത്തു കാട്ടുന്നു. നാം കടന്നുപോയ ഓരോ മാറ്റവും, നമ്മുടെ വളർച്ചകളും തളർച്ചകളും. ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനങ്ങളും, തിരഞ്ഞെടുത്ത വഴികളും വഴിയോരക്കാഴ്ചകളും. "To be at the right place at the right time" എന്ന പ്രയോഗത്തിന്റെ അർഥതലങ്ങൾ ഓരോന്നായി മറനീക്കി വരുന്നപോലെ.
ഞാൻ , ഇന്ന്, ഇവിടെ, ഇപ്പോൾ. അതിനു കാരണം ഇന്നു കിട്ടിയ ഒരു ഫോൺ കോൾ ആകാം. ഇന്നലെ കഴിഞ്ഞ കാപ്പിപ്പൊടി ആകാം. വർഷങ്ങൾക്കപ്പുറം കണ്ടുമുട്ടിയ ആ ആളാകാം. കഴിഞ്ഞുപോയ കോടാനുകോടി നിമിഷങ്ങളിൽ എവിടെ വേണമെങ്കിലും ഒളിച്ചിരിക്കാം ആ കാരണങ്ങൾക്ക്. Butterfly effect എന്നൊക്കെ പറയില്ലെ? അതു പോലെ.
സമയം. നേരം. കാലം. മഹാശ്ചര്യം.
Comments
Post a Comment