മരണത്തിൻറെ ബാക്കിപത്രം
മരണം പടിവാതിൽ കടന്നു പോകുമ്പോൾ തനിച്ചാകുന്നത് ബാക്കിയുള്ളോരാണ്. വരാന്തയുടെ ഏകാന്തതയിൽ ധ്യാനമിരിക്കുന്ന ഒഴിഞ്ഞ കസേര. വായിക്കാൻ ആളില്ലാണ്ട് മുറ്റത്തെ മഴ നനയുന്ന പത്രം. ഉണ്ണാതെ കാത്തിരിന്നിട്ടും ആരുമെത്താതെ ഊൺ കഴിക്കാൻ മറന്ന അകത്തളത്തിലെ തീൻമേശ. എന്നേക്കുമായി കാഴ്ച മങ്ങിയ ആ പഴഞ്ചൻ കണ്ണട. പടിവാതിലിൽ വന്നെത്തിനോക്കാൻ മടിച്ച്, ക്ഷീണിച്ച് ഒരാൾ കട്ടിലിൽ ചുരുണ്ട് ഒരു മൂലക്കെ. ഇരുട്ടിൽ മിന്നിമറയുന്ന നഷ്ടസ്വപ്നങ്ങൾക്ക് നടുവിൽ ഞെട്ടിയുണരുന്ന ഉറക്കം. നിലച്ച വിളികൾ, പേരു ചൊല്ലി വിളിച്ചാൽ ഉത്തരം തരാത്ത ശൂന്യത. പിന്നെ, സ്നേഹത്തിന്റെ നിഴൽ പറ്റി അങ്ങിങ്ങായി കുറച്ച് ജീവനുകൾ.