വർത്തമാനം
മരണം ആണ് യാഥാർത്ഥ്യം. അതൊരു ശരം കണക്കെ ഹൃദയത്തിൽ കൊള്ളുന്ന നിമിഷം നമ്മൾ സത്യത്തെ തിരിച്ചറിയുന്നു. കണ്ണടച്ചു തുറക്കും മുൻപ് മോഹങ്ങളും മോഹവാഗ്ദാനങ്ങളും തച്ചുടച്ച് അത് കടന്നു പോകുന്നു, തന്റെ സാന്നിധ്യം അറിയിച്ച് കൊണ്ട്. പ്രതീക്ഷകളാൽ തീർത്ത ആകാശഗോപുരങ്ങളിൽ ജീവിക്കുന്ന മനുഷ്യനെ ഭൂമിയിലേക്ക് വലിച്ചിടുന്നു അവന്റെ ചുറ്റിലുമുള്ള ഓരോ മരണവും. നാളേക്കായി വേണ്ടി ഇന്നു മരിച്ച് ജീവിക്കുന്നവർക്കറിയില്ല നാളെ അവർക്കായി കരുതി വച്ചിരിക്കുന്നത് മരണം ആണെന്ന്. ഇന്നലെ ആറ്റിലെറിഞ്ഞ നാണയത്തുട്ടാണ്. നാളെ ഒരു പകൽ കിനാവും. ഇന്നു മാത്രമാണു എനിക്ക് ജീവിക്കുവാനുള്ളത്, ഒന്നും ബാക്കി വെക്കാതെ.