തിരികേ..
മഴയില്ല. ഒഴിഞ്ഞ നടപ്പാതയില്ല. ശോകഗാനമില്ല. അന്നു നല്ല വെയിലായിരുന്നു. നട്ടുച്ച. തിരക്കുകളിലേക്ക് വഴുതിവീണവർക്കിടയിൽ വെച്ചാണു നാം അവസാനമായി കണ്ടത്. എനിക്ക് നീയും നിനക്കു ഞാനും ബാധ്യതകളായി മാറിയിരുന്നു. ഇനി വേണ്ട എന്നു പറഞ്ഞു തീർത്ത് നമ്മൾ പിരിഞ്ഞത്. ഇനി കാണുമോ എന്നു നീ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് നീ മറന്നു കാണാൻ വഴിയില്ല."..ലോകം ഉരുണ്ടതാണ്. വിധിയുണ്ടേൽ കണ്ടുമുട്ടും.അതു മതി.." ഇന്നെന്തോ നിന്നെ ഓർമ വന്നു. വളരെയേറെ നാളുകൾക്ക് ശേഷം. മുഖം പോലും ശെരിക്ക് ഓർമ കിട്ടുന്നില്ല. ഒന്നു കാണണം എന്നു തോന്നി. പക്ഷേ, തമ്മിലുള്ള എല്ലാ ചങ്ങലക്കണ്ണികളും നമ്മൾ പൊട്ടിച്ച് വലിച്ചെറിഞ്ഞല്ലോ..ഒന്നെങ്കിലും ബാക്കി വെക്കാമായിരുന്നു, അല്ലേ? വേറൊന്നിനുമല്ല. ഒന്നു കാണാൻ, മിണ്ടാൻ. ഒന്നുമില്ലെങ്കിലും എന്തൊക്കെയോ ആയിരുന്നു എനിക്ക് നീ ഒരു കാലത്ത്.. എന്തേ നമ്മൾ കണ്ടുമുട്ടിയില്ല വീണ്ടും? ലോകം പരന്നുപോയോ? അറിയില്ല. എങ്കിലും, വെറുതേ ഒരു നിമിഷത്തേക്ക് ഞാൻ നമ്മളോടായി ചോദിച്ചുപ്പോയീ..ഒന്നു തിരികെ നടന്നുകൂടേ???